ആലഹനായാൻ തുണയാലെ ചൊല്ലുന്നു
അൻപൊടു നല്ല വിശേഷങ്ങൾ ചൊല്ലുവാൻ
ആദരാൽ നാവിൽ വിളങ്ങിത്തെളിയണം
ആകെപ്പറവാൻ പണിയെന്നതാകിലോ
അൻപൻ മണവാളൻ തന്നുടെ തോഴിയും
അൻപോടെ നല്ല ചമയങ്ങൾ പൂണ്ടാറെ
ആദരവാലുള്ള പൊൻമുടി ചൂടീട്ട്
അഴകോടെ ചെന്നങ്ങ് പള്ളിയകം പുക്ക്
പള്ളിയിൽ വെച്ചങ്ങ് പട്ടക്കാർ കൈക്കൊണ്ട്
കയ്യും പിടിപ്പിച്ചഴകോടറിവാളാർ
കൂടിയ ലോകരും കോലാഹലത്തോടെ
കോമളമായൊരു പന്തലകം പുക്ക്
ഘോഷിച്ചു നല്ലമണർക്കോലം പുക്കാറെ
ഓമനയുള്ള മകനേക്കണ്ടമ്മയ്യും ഉണ്മയിലൊന്നു കൊടുക്കണമെന്നോർത്ത്
പൊന്നും തളികയിൽ പാലും പഴവുമായ്
വെള്ളിവിളങ്ങുന്ന കിണ്ടിയിൽ വെള്ളവും
കൊണ്ടുചെന്നങ്ങു കൊടുത്ത മധുരങ്ങൾ
ഇച്ഛിച്ചുതന്ന മധുരങ്ങൾ ചൊല്ലുവാൻ
ഇച്ഛയിലൊന്നും ശരിപ്പറവാനില്ല.
ഈശോമിശിഹാ തുണയാകുന്നെപ്പോഴും