ഇന്നു നീ ഞങ്ങളെ കൈവിട്ടോ മോറാനെ
ഇന്നു ഞങ്ങൾക്കൊരു പിന്തുണയില്ലല്ലോ
പട്ടണമൊന്നില്ല ഭാഷകളൊന്നില്ല
ഭംഗികൾ ഞങ്ങളുടെ ഭൂഷണം കൊണ്ടിട്ട്
കല്പന ഞങ്ങളിരിപ്പിടത്താക്കണം
എന്നുള്ളപേക്ഷയെ കേട്ടൊരു മോറാനും
നന്ദി കലർന്നുടനൊന്നങ്ങരുൾ ചെയ്തു
കാലോചിതം പോലെ നല്ലയാബൂൻമാരെ
കാലമീരാറിന് മുമ്പു ഞാനെത്തിപ്പേൻ
ഏഴില്ല മെഴുപത്തിരണ്ടു കുടിയാരും
ഒത്തൊരുമിച്ചങ്ങുപോകണം നിങ്ങള്
വെണ്മയിൽ പോയാലും മക്കളെ നിങ്ങള്
ചട്ടയും മുത്താക്കും കൊന്തതലുമുണ്ട്
ചങ്ങല കൈവള ചന്തമാം തലുവവും
ചന്തമായുള്ളോരു കോപ്പുകൾ കൂട്ടീട്ട്
കൂട്ടംകുട പിടിച്ചൊട്ടെടം ചെന്നപ്പോൾ
കപ്പലെ കേറുവാൻ കടപ്പുറം പൂക്കാറെ
ഉറ്റവരുടയവർ ബന്ധുക്കളെല്ലാരും
തങ്ങളിത്തങ്ങളിൻലമ്പോടെ തഴുകുന്നു
മാർവ്വത്തു കണ്ണിനീർ മാർവ്വും നനയുന്നു
തമ്പുരാനല്ലാതെ ഇല്ലൊരുസാക്ഷിയും
മക്കളെകാണുമോ ഹിന്ദുവിൽ പോയാലും
ബന്ധങ്ങൾ വേർപിടാതോർക്കണമെപ്പോഴും
പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കണം നിങ്ങളും
തമ്പുരാൻ തന്റെ മനോഗുണം കൊണ്ടിട്ട്
കപ്പലെരുമൂന്നു മൊന്നായിട്ടോടുന്നു.