പൊന്നണിഞ്ഞീടും തണ്ടുകരേറി
മംഗല്യവേല കാണ്മാൻ
വളർക്കൊടി മുമ്പിൽ മുത്തണിഞ്ഞോനെ
വാട്ടവും വീശി മെയ്യേ
പിന്നണി മുന്നിലകമ്പടി നായൻ
നിൻ വിളയാട്ടവും പാട്ടും (ലയം മാറ്റം)
മുത്തു ചിന്നത്തോടു ചിത്രം നിരത്തീതേ
മുദ്രിക മാണിക്യം പളുങ്കു നിരത്തീതേ
പച്ചവൈഡൂര്യം പവിഴം നിരത്തീതേ (ലയം മാറ്റം)
സ്ലീവായിലെടയോർ മണിടയോർ നിരത്തീതേ
ചിത്തിരിക്കാകളും പൊന്നും പൂവോ നിരത്തീതേ
കോവൽ പഴുക്കാനിറം ചൊല്ലുമിവൾ മേനി
വാ കണ്ടാൽ നല്ല തത്ത ചുണ്ട് നിറം തോന്നും
നീറ്റിൽ കുളിച്ചെടുത്ത മുത്തിനൊളിവാലെ
നീലത്തടം കണ്ടവനെ എന്നെ മറന്തോനെ
ആലിൻ തളിരുപോലെ ഇമ്പമുദരമുള്ളോനെ
നാളേറെ ചെല്ലുന്തോറും നന്നായ് വരുന്തോനെ
കൊഞ്ചൽക്കളി കന്നിമാർ കനകമണിമാർകളും
ഏറെ നല്ല പങ്കു തരാം പട്ടുതരാം വന്തിരി
കുങ്കുമത്തിൻ മണവാളൻ തൻവരവു കാണ്മാൻ
ഏറിയൊരു മേനിമേൽ കേറിയോ നില്പവനെ
കുങ്കുമത്തിൻ മണവാട്ടി തൻവരവു കാണ്മാൻ
ഏറിയൊരു മേനിമേൽ കേറിയോ നില്പവളെ
വെള്ളച്ചമയത്തോടെ പള്ളിയകം പൂകീന്തു
അമ്പുറ്റ കന്നി ചെന്നു കുമ്പിട്ടകമലരിൽ
കമ്പം കളവതിനായ് കുമ്പസാരിച്ചു പിന്നെ
വേണ്ടും വചനം ചൊല്ലി കയ്യും പിടിപ്പിച്ചിട്ട്
കയ്യാലെയൂന്നിയവൻ കയ്യാലെ കെട്ടി താലി
പട്ടുമണിഞ്ഞവരെ കസേരയിലിരുത്തി
ഇട്ടുതരത്തിൽ വളപെട്ടെന്നു ഭൂഷണങ്ങൾ
കുന്തലഴിച്ചു തലകോന്തിയൊതുക്കിക്കെട്ടി
വേന്തൻ മുടികൾ വെച്ച് കാന്തി കലരുംവണ്ണം
പെണ്ണും ചെറുക്കനുമായ് കണ്ണാടി മിന്നുംപോലെ
കണ്ണുമെഴുതി കുറി അഞ്ജനംകൊണ്ടു തൊട്ടു
മെല്ലെയിരുവരേയും ആനപ്പുറത്തിരുത്തി
നല്ല തൊഴുമ്മക്കാരൻ മുന്നിലകമ്പടിയും
ഒത്തുനടനടകൾ ചൊല്ലി നടന്നുടനെ
ഏകാന്തപ്പെൺകൊടിമാർ വായ്ക്കുരവയുമിട്ടു
വാദ്യമേളവും നല്ല കൊട്ടും കുരവകളും
കുന്തമെറിഞ്ഞു നല്ല പാന്താട്ടം കാണ്മിനിന്ന്
എന്തെന്നു കാണേണ്ടുന്നു ചിന്തിച്ചു കാണികളും
കോലാഹലത്തോടങ്ങു ചാല പൂകിന്തശേഷം
ആലഹനായൻതന്നെ പാടി സ്തുതിക്കുന്നേറ്റം