മംഗല്യമെന്നതിന്റെ ഭംഗി പറവതിന്ന്
എങ്ങും നിറഞ്ഞ കന്നി അങ്ങിന്നരുൾ തരിക
ചുറ്റിലിരിക്കും ജനം കുറ്റം കുറകകൾ കണ്ടാൽ
പെറ്റമാതാവേപ്പോലെ കുറ്റം പൊറുത്തീടേണം
കറ്റാർ കുഴലിയാളെ പെറ്റു വളർത്തോരമ്മ
ഉറ്റൊരു താതനോടു പെട്ടെന്നൊരുത്താമൊഴി
കെട്ടിന്നവൾക്കടുത്തുപ്പെട്ടെന്നൊരു ചെറുക്കൻ
ഇഷ്ടം വരുമെടുത്ത് ഒട്ടും വൈകാതെ കണ്ട്
എന്ന മൊഴികൾ കേട്ടിട്ടന്നു തിരിഞ്ഞു താതൻ
നന്നു പുരുഷനെന്നിട്ടന്നു വരംകൊടുത്തു
അന്നേയറിഞ്ഞു താതനന്നു പുരുഷനുമായ്
അന്നച്ചാരം കൊടുത്തു പെണ്ണിനെ ചെന്നുകണ്ടു
ഖണ്ഡിച്ചു കല്യാണവുമെണ്ണിക്കുറിച്ച നാളിൽ
പുത്തൻ പനയോലയിൽ ചിത്രമെഴുത്തുപെട്ടു
കത്തൻ വിളിച്ചുചൊല്ലി ശുദ്ധമാം പൂജനേരം
കോലഹാലത്തോടങ്ങു നാലു ദിശയറിഞ്ഞു
ചെത്തി വഴി പറമ്പിലെത്തുന്നവർക്കു വേണ്ടി
ഇട്ടൊരു പന്തലൊക്കെ പട്ടാൽ വിതാനം ചെയ്തു
വെട്ടം കൊളുത്തി നീളെയിട്ടു മണർക്കോലവും
കൂടിവരുന്നു ജനം പാടെ കല്യാണവീട്ടിൽ
ചെന്നങ്ങറിയിക്കയാൽ ചെന്നു ചെറുക്കനന്ന്
പോകാം പള്ളിക്കലെന്ന് പോവാൻ മുതൃന്നവാറേ
വേഗം പെണ്ണു നടന്നു യോഗം പിന്നെ നടന്നു.