മാർത്തോമൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായി വരേണമേയിന്ന്
ഉത്തമനായ മിശിഹ തിരുവുള്ളം
ഉണ്മയെഴുന്നൾക വേണം
കാദീശനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കൈകൂപ്പി നേർന്നു ഞാൻ പെറ്റു വളർത്തൊരു
കന്നിമകളെ ഞാൻ നിന്നെ
തോളും തുടയും മുഖവും മണിമാറും
യോഗത്താലെ പരിശുണ്ട്
എന്റെ മകളേ പരമേറ്റിവയ്പോളും
എൻമനസ്സോ പതറുന്നു
നെല്ലുമാനീരും പരമേറ്റിവച്ചാറേ
എൻമനസ്സോ തെളിയുന്നു
ചെമ്പകപൂവിൻ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുൾ പെറ്റ പെണ്ണ്
പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിലിവൾക്കൊത്തോരില്ല
നല്ലൊരു നേരം മണർക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്ന്
കാരണമായവരെല്ലാരും കൂടീട്ട്
നന്മവരുത്തിത്തരേണം
ആലോഹനായനും അൻപൻമിശിഹായും
കൂടെ തുണയ്ക്ക് ഇവർക്ക്.