മുന്നം മലങ്കര കുടിയേറുമതിനാലെ
തൊമ്മൻ കീനാനെന്നദേഹം മുതൃന്നവാറെ –
മെയ്യെ രാജ മക്കളെണ്ണൊൻപതും കൂടി പുകിന്ത്
കുടിയാരുത്തമരാകുമിവർ നാലു നൂറും
കാസോലിക്കായരുളാലെ കപ്പൽ പുകിന്ത് –
മെയ്യെ വന്ന പരദേശി കൊടുങ്ങല്ലൂർ പുകിന്ത്
പുകിന്താർ ചേരകോനെ കണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ
വന്നു പൊഴുതു തീർന്നു മുതൃന്നു കാര്യം കണ്ടാറെ –
ചൂലി പാരിൽ പെരുമകൾ തെളിഞ്ഞിരിപ്പാൻ
കൊടുത്താർ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കുഴലാലവട്ടം ശങ്കും വിധാനം –
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം
കൊടുത്താർ പദവികൾ പാവാട പകൽവിളക്കും
രാജവാദ്യങ്ങളേഴും കുരവ മൂന്നും –
മെയ്യെ കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം
ഇഷ്ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാൻ തൊമ്മൻ കീനാനും –
മെയ്യെ ചേർച്ചയാൽ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി
അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ –
മെയ്യെ ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ.